കൊച്ചി: ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന കേന്ദ്രത്തിൽ വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടപ്പോൾ കൂടിയ തുകയുടെ മദ്യം നൽകിയെന്ന കാരണത്താൽ ജീവനക്കാരനു വില വ്യത്യാസത്തിന്റെ 300 മടങ്ങ് പിഴ ചുമത്തിയ നടപടി ഹൈക്കോടതി 3 മാസത്തേക്കു സ്റ്റേ ചെയ്തു.
ഔട്ട്‌ലെറ്റിലെ സ്റ്റോക്കും കണക്കും വ്യത്യാസം വന്നാൽ അന്വേഷണം നടത്താതെ ജീവനക്കാരെയെല്ലാം ബാധ്യതപ്പെടുത്തുന്ന ബവ്കോ സർക്കുലറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചുങ്കം ഷോപ്പിലെ ജീവനക്കാരനായ എം. പി സനിൽകുമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്.
2021 ഒക്ടോബർ 28നു മിന്നൽ പരിശോധനയ്ക്കായി ഉപയോക്താവ് എന്ന മട്ടിൽ ഷോപ്പിൽ എത്തിയ ഓഡിറ്റ് ടീം അംഗം ഏറ്റവും വില കുറഞ്ഞ റമ്മും ബ്രാൻഡിയും ബീയറും ആവശ്യപ്പെട്ടു. ഹർജിക്കാരൻ ഇവയ്ക്ക് 1,110 രൂപയുടെ ബിൽ നൽകി.
ഇതിലും വില കുറഞ്ഞ മദ്യം അവിടെ ലഭ്യമാണെന്നു കണ്ടെത്തിയ ഓഡിറ്റ് ടീം 1040 രൂപയുടെ ബിൽ ആണു നൽകേണ്ടിയിരുന്നത് എന്നു വിലയിരുത്തി. വില വ്യത്യാസം വന്ന 70 രൂപയുടെ 300 മടങ്ങായ 21,000 രൂപ പിഴ അടയ്ക്കാൻ നോട്ടിസ് നൽകി. ചില ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുകയും വിലകുറഞ്ഞ മദ്യത്തിന്റെ വിൽപന തടസ്സപ്പെടുത്തുകയും ചെയ്തതിനു വിശദീകരണം തേടി മറ്റൊരു നോട്ടിസും നൽകി. ഓർഡർ എടുത്തതു താൻ അല്ലെന്നും നോട്ടിസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി.