തിരുവനന്തപുരം: മൊബൈൽ ടവറുകളുടെ ബാറ്ററികൾ മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ഓടിച്ചിട്ട് പിടികൂടി. ആര്യനാട് പെരുംകുളം ചക്കിപ്പാറ ലിനിൽരാജ് ഭവനിൽ ഷമീർ (26), വെമ്പായം കട്ടയ്ക്കാൽ പുത്തൻ കെട്ടിയിൽ വീട്ടിൽ ജമീർ (24), നെടുമങ്ങാട് പരിയാരം എ.എസ് ഭവനിൽ അനന്തു (31) എന്നിവരെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്.
പിടികൂടി സ്റ്റേഷനിൽ എത്തിച്ച ഷമീർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പിന്തുടർന്ന് പിടികൂടി. പോത്തൻകോട്, നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൊബൈൽ ടവറുകളിൽ നിന്നാണ് പ്രതികൾ ബാറ്ററി മോഷണം നടത്തിയത് എന്ന് പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ച പൾസർ ബൈക്കും മോഷ്ടിച്ച ബാറ്ററികളും പൊലീസ് പിടിച്ചെടുത്തു. മോഷണം നടത്തിയ ബാറ്ററികൾ വെഞ്ഞാറമൂട്, ഞാണ്ടൂർക്കോണം തുടങ്ങിയ സ്ഥലങ്ങളലെ ആക്രി കടകളിലാണ് വിൽപന നടത്തിയത്. മോഷണ സാധനങ്ങൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി എന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായവരാണ് പിടികൂടിയവർ. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ നെടുമങ്ങാട്, വലിയമല, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലെ കേസിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.