തിരുവനന്തപുരം : ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളില്‍ നീക്കാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ എക്സൈസ്, ഗതാഗത വകുപ്പ് പ്രതിനിധികളാണ് പങ്കെടുത്തത്. ജിഎസ്ടി വന്നതോടെ വില്പന നികുതി ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയിരുന്നു. മോട്ടര്‍ വാഹന വകുപ്പിനായി ഇ- ചെക്പോസ്റ്റ് സോഫ്റ്റ്വെയര് തയാറാക്കിയിട്ടുണ്ട്. കേരളത്തിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് പരിവാഹന്‍ സോഫ്റ്റ്വെയറില് നിന്ന് ഓണ്‍ലൈനായി ലഭിക്കും. ഓണ്‍ലൈന്‍ വഴി നികുതിയും അടയ്ക്കാം.
ഇവ രണ്ടും ഓണ്‍ലൈന്‍ ആയതോടെ ചെക്പോസ്റ്റുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. തമിഴ്നാട് കൂടി നിര്‍ത്തലാക്കാതെ കേരളം മാത്രമായി ചെയ്തിട്ട് കാര്യമില്ലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ദക്ഷിണേന്ത്യന്‍ ഗതാഗത മന്ത്രിമാരുടെ യോഗം ഉടന്‍ ചേരും. എല്ലാ സേവനങ്ങളും ഓണ്‍ലൈനായിട്ടും കൈക്കൂലി കേന്ദ്രങ്ങളായി ചെക്പോസ്റ്റുകള്‍ തുടരുകയാണെന്നാണ് ആക്ഷേപം. വര്‍ഷം 70 കോടിയാണ് മോട്ടര്‍വാഹന ചെക്പോസ്റ്റുകളില്‍ നിന്നുള്ള വരുമാനം. എന്നാല്‍ 200 കോടിയിലേറെ വരുമാനം വരേണ്ടപ്പോഴാണ് കൈക്കൂലി വാങ്ങി സര്‍ക്കാരിലേക്ക് ചെറിയ തുകയടപ്പിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നുവെന്നാണ് ആരോപണം.