തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പമെന്നും മന്ത്രി വി.ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തി്‌ന്റെ ഉദ്ഘാടനം പുത്തരിക്കണ്ടം ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലും, തൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് എക്‌സൈസ് വകുപ്പുകളുമായി ചേർന്നു കർശന നടപടികൾ സ്വീകരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന് കേരളത്തിന്റെ ഉത്പാദന സേവന,വിതരണ മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി അതിഥി്‌ത്തൊഴിലാളികൾ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. എന്നാൽ, അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരി ഉപയോഗവും ഉണ്ടെന്നുള്ള റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരിൽ കമ്പോളം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശനമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ലേബർ കമ്മീഷണർ ഡോ കെ വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജോയിന്റ് എക്സൈസ് കമ്മീഷണർ വിമുക്തി ആർ ഗോപകുമാർ, അഡീ. ലേബർ കമ്മീഷണർ കെ.എം സുനിൽ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.