കൊച്ചി : ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന്‍റെ വിശദീകരണം കേൾക്കുക. ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സര്‍ക്കാര്‍ വിശദീകരിക്കും. ഭക്ഷണത്തിന്‍റെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കണം.
ദേവനന്ദ മരിച്ചതുമായി ബന്ധപ്പെട്ട് എഡിഎം എം കെ രമേന്ദ്രൻ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഷിഗെല്ല ബാക്ടീരിയയുടെ ഭക്ഷണത്തിലുള്ള സാന്നിധ്യമാണ് മരണത്തിന് കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിൽ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടി ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ എണ്ണക്കുറവ് കാരണം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ പഞ്ചായത്ത് ഓഫീസില്‍ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചെറുവത്തൂർ ഭക്ഷ്യവിഷബാധയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത് 13 പേർ മാത്രമാണ്. ആരുടേയും നില ഗുരുതരമല്ല. അതേസമയം ആരോഗ്യവകുപ്പിന്‍റെ പരിശോധനകൾ ജില്ലയിൽ തുടരുകയാണ്.