ബെംഗളൂരു: ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. മാണ്ഡ്യയില്‍ നിന്നുള്ള എംപിയാണ് സുമലത. മാര്‍ച്ച് 11ന് കര്‍ണ്ണാടകയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സുമലത ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാദ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. അതേസമയം വാര്‍ത്തകളോട് പ്രതികരിക്കാന്‍ സുമതല തയ്യാറായിട്ടില്ല. നേരത്തെയും സുമലത ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമതല ബിജെപില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്നാണ് അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റായിരുന്ന എം. എ മദന്‍കുമാറിന്‍റെ പ്രതികരണം. ബിജെപിയുടെ ഉന്നത നേതാക്കള്‍ കര്‍ണ്ണാടകയിലെത്തുമ്പോളൊക്കെയും സുമതല ബിജെപിയില്‍ ചേരുമെന്ന പ്രചരണം ഉണ്ടാവാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കര്‍ണ്ണാടക സന്ദര്‍ശന സമയത്തും സുമലത ബിജെപിയില്‍ ചേരുമെന്ന പ്രചരണം ശക്തമായിരുന്നു.
ബെംഗളൂരു മൈസൂരു അതിവേഗ പാതയുടെ എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയായിരുന്നത് ബിഡദിയായിരുന്നു. ബെംഗളൂരു നഗരത്തിന് സമീപത്തുള്ള ബിഡദിയില്‍ നിന്നും അവസാന നിമിഷം ഉദ്ഘാടന വേദി മാണ്ഡ്യയിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് സുമലത ബിജെപിയില്‍ ചേരുമെന്ന പ്രചരണങ്ങള്‍ക്ക് ചൂടുപിടിച്ചത്. അതേസമയം കര്‍ണ്ണാടകയിലെ പ്രബല സമുദായമായ വൊക്കലിംഗ വിഭാഗത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വേദി മാറ്റമെന്നാണ് വിലയിരുത്തല്‍.
2019ൽ ഒന്നേ കാൽ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ്സ് ശക്തികേന്ദ്രമായിരുന്ന മാണ്ഡ്യയില്‍ സുമലത അംബരീഷ് ജയിച്ചത്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. കർണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത തോല്‍പ്പിച്ചത്.