കോഴിക്കോട് : ഹീമോഫീലിയ രോഗികൾക്ക് മരുന്നു നിശ്ചയിക്കുന്നതിലും രോഗത്തിന്റെ തീവ്രത നിർണയിക്കുന്നതിലും മരുന്നു കമ്പനികൾ സ്വാധീനം ചെലുത്തിയിരുന്നതായി സൂചന. കമ്പനി നൽകുന്ന ശമ്പളത്തിൽ ലാബ് ടെക്നീഷ്യന്മാരെ വരെ നിയമിച്ചാണ് ചില ചികിത്സാ കേന്ദ്രങ്ങളിൽ രോഗനിർണയം നടത്തിയിരുന്നതെന്നും ആരോഗ്യ വകുപ്പിനു വിവരം കിട്ടി. ഇങ്ങനെ പ്രവർത്തിച്ചിരുന്ന ഒരു ടെക്നീഷ്യനെ അടുത്തിടെ പിരിച്ചുവിട്ടു. ചികിത്സാ വിദഗ്ധരിൽ ചിലർ നടത്തിയ വിദേശയാത്രകളും കമ്പനിക്കാരുമായുള്ള ഇടപാടുകളും സർക്കാർ പരിശോധിക്കാൻ തുടങ്ങി. സർക്കാർ കോടികൾ മുടക്കി സൗജന്യമരുന്ന് നൽകുന്നുണ്ടെങ്കിലും പല രോഗികളുടെയും ആരോഗ്യത്തിനു പോലും ഭീഷണിയാകുന്ന വിധത്തിലാണ് അമിത ഉപയോഗം.
ഫാക്ടർ 8 ഉപയോഗിച്ചിരുന്ന രോഗിക്ക് മരുന്ന് ഫലിക്കുന്നില്ലെന്നും വില കൂടിയ ഫീബ ഉപയോഗിക്കണമെന്നും കണ്ടെത്തുന്നത് ലാബ് ടെക്നീഷ്യനാണ്. പുറംകരാർ ഏജൻസികൾ വഴി നിയമിച്ചിരിക്കുന്ന ഈ ടെക്നീഷ്യന്റെ ശമ്പളം നൽകുന്നത് മരുന്നു കമ്പനിയാണെന്നാണ് വിവരം. ഇങ്ങനെ അനിയന്ത്രിതമായി മരുന്ന് ഉപയോഗിക്കുന്നതോടെ ഒരു മരുന്നിനോടും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് രോഗി എത്തുന്നത് ദോഷകരമാണെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു. ഒരേ കുറിപ്പടി ഉപയോഗിച്ച് പല കാരുണ്യ ഫാർമസികളിൽ നിന്ന് രോഗികൾ മരുന്നു വാങ്ങിയിട്ടുണ്ട്. ഗൾഫിലുള്ള രോഗി വടക്കൻ കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ ഒരു രോഗി വിദേശത്തേക്ക് കൊണ്ടുപോകാനായി മരുന്ന് കൂട്ടത്തോടെ വാങ്ങിയിട്ടുണ്ട്.
ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ രോഗികൾക്ക് മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കാൻ തീരുമാനിച്ചു. എത്ര ഡോസ് മരുന്ന് ഉപയോഗിക്കുന്നു, രോഗത്തിന്റെ തീവ്രത എത്ര എന്നത് ഇനി അധികൃതർ നിരീക്ഷിക്കും. ഭാവിയിലെ ചികിത്സ എങ്ങനെ വേണം എന്നതും തീരുമാനിക്കും. രോഗികളുടെ വ്യക്തിവിവരങ്ങൾ ഉൾക്കൊള്ളേണ്ട ആപ്ലിക്കേഷൻ ആയതിനാൽ സുരക്ഷാ ഓഡിറ്റിനു ശേഷമേ അടുത്ത ആഴ്ച നടപ്പാക്കുകയുള്ളൂ. എല്ലാ താലൂക്ക് ആശുപത്രികളിലും ചികിത്സ ഉറപ്പാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
റജിസ്ട്രേഷൻ നിർബന്ധം
ഹീമോഫീലിയ, തലസീമിയ, സിക്കിൾസെൽ അനീമിയ എന്നീ രക്തജന്യ രോഗങ്ങളുള്ളവർ ‘ആശാധാര’ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം എന്നത് നിർബന്ധമാക്കി. അയ്യായിരത്തോളം രോഗികൾ ഉണ്ടെങ്കിലും പകുതിയിൽ താഴെ പേർ മാത്രമാണ് നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ ഡേകെയർ സെന്ററിൽ, പേഷ്യന്റ് കെയർ കോ–ഓർഡിനേറ്ററുടെ സഹായത്തോടെ വേണം റജിസ്റ്റർ ചെയ്യാൻ.
രോഗിക്ക് വ്യക്തിഗത നമ്പർ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ് നൽകും. മൊബൈൽ ആപ്ലിക്കേഷനും പോർട്ടലിലെ വിവരങ്ങളും ബന്ധിപ്പിക്കുന്നതോടെ രോഗി എവിടെ നിന്ന് മരുന്ന് സ്വീകരിച്ചാലും വിവരം ക്രോഡീകരിച്ച് ശേഖരിക്കപ്പെടും. കിടപ്പിലായ രോഗിയാണെങ്കിൽ ബന്ധുക്കൾക്ക് റജിസ്റ്റർ ചെയ്യാം.