ന്യൂഡൽഹി : തമിഴ്നാട് നഗര തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗം ഓർമിപ്പിച്ച് ബിജെപി. ബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ഭരിക്കാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ സമീപകാല പാർലമെന്റ് പ്രസംഗം ചൂണ്ടിക്കാട്ടി , തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത്തരം സങ്കൽപ്പങ്ങൾ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
230 നഗര പഞ്ചായത്ത് വാർഡുകളിലും 56 നഗരസഭാ വാർഡുകളിലും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ഒരു വാർഡ് ഉൾപ്പെടെ 22 കോർപ്പറേഷൻ വാർഡുകളിലും ബിജെപി വിജയിച്ചിരുന്നു. ഇതോടെ ഡിഎംകെയ്ക്കും എഡിഎംകെയ്ക്കും ശേഷം ബിജെപി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ അവകാശപ്പെട്ടു. ഇരുപതിലധികം വാർഡുകളിൽ ബിജെപി ഡിഎംകെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബിജെപി ഒരിക്കലും തമിഴ്നാട് ഭരിക്കില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ഒരു പ്രവചനം നടത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന്റെ അത്തരം സങ്കൽപ്പങ്ങളെ മാറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശേഷം ബിജെപി ഇപ്പോൾ മൂന്നാമത്തെ വലിയ കക്ഷിയാണ്. ഇതുവരെ ജയിക്കാത്ത മേഖലകളിൽ പോലും ബിജെപി വിജയിച്ചു.’ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തന്റെ പാർലമെന്റ് പ്രസംഗത്തിൽ രാഹുൽ ഗാന്ധി തമിഴ്നാടിനെ പ്രത്യേകം പരാമർശിക്കുകയും മോദിക്കെതിരേ രൂക്ഷമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ‘രാജാവ്’ എന്ന നിലയിൽ പ്രവർത്തിച്ചാൽ സംസ്ഥാനങ്ങളുടെ വിശ്വാസം ഒരിക്കലും നേടാനാവില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ഇതൊരു യൂണിയനാണ്, ഇത് ഒരു രാജ്യമല്ല. നിങ്ങളുടെ ജീവിതത്തിലൊരിക്കലും നിങ്ങൾക്ക് തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാൻ കഴിയില്ല’, രാഹുൽ പാർലമെന്റിൽ പറഞ്ഞു. അതേസമയം, തമിഴ്നാടിന് വേണ്ടി പാർലമെന്റിൽ സംസാരിച്ചതിന് രാഹുൽ ഗാന്ധിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു.