മലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്‍റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഒാഫിസില്‍നിന്നു പോലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ലൈസന്‍സ് ലഭിച്ചതെന്ന ആരോപണം ശക്തമായിരിക്കെയാണ് മാരിടൈം ഒാഫിസില്‍ പോലീസ് പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട അറ്റ്ലാന്‍റിക് ബോട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തു.അന്വേഷണ സംഘം തലവന്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ആലപ്പുഴയിലെ പോര്‍ട്ട് ഒാഫിസിലും പരിശോധന നടത്തി. ജുഡീഷ്യല്‍ അന്വേഷണസംഘം ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇത് ഒൗദ്യോഗിക സന്ദര്‍ശനമല്ലെന്ന് ജസ്റ്റിസ് വി.കെ.മോഹനന്‍ വ്യക്തമാക്കി.
മാരിടൈം ബോര്‍ഡിന്‍റെ വീഴ്ചകൊണ്ടാണ് ദുരന്തമുണ്ടായതെന്നു നേവല്‍ ആര്‍ക്കിടെക്റ്റ് സുധീര്‍ പറഞ്ഞു. അപകടമുണ്ടാക്കിയത് മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡാണ്. മാരിടൈം ബോര്‍ഡിലേക്ക് പോയശേഷമാണ് അപേക്ഷയും പ്ലാനും തന്‍റെ മുന്നിലെത്തിയത്. പ്ലാന്‍ തയാറാക്കിയത് താനല്ല, മറ്റേതോ നേവല്‍ ആര്‍കിടെക്റ്റാണെന്നും സുധീർ പറഞ്ഞു.
മൂന്നു ബോട്ട് ജീവനക്കാര്‍ കൂടി പോലീസ് പിടിയിലായി. സ്രാങ്ക് ദിനേശിനൊമൊപ്പം ബോട്ടില്‍ ജോലി ചെയ്ത മലയില്‍ അനില്‍, പി.ബിലാല്‍, വി.ശ്യാംകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. വരും ദിവസങ്ങളില്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.