ദില്ലി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോഴും യാതൊരു തരത്തിലുള്ള പ്രത്യേക ഇളവുകളും ടെസ്ല പ്രതീക്ഷിക്കേണ്ടതിലെന്ന മുന്നറിയിപ്പാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ടെസ്ലയുടെ മേധാവി ഇലോൺ മസ്ക് അടുത്തിടെ ആവശ്യപ്പെട്ട പ്രത്യേക ഇളവുകളും നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയിരുന്നു.
പ്രദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരുക്കിയ പദ്ധതിക്ക് ഇന്ത്യയിൽ നിന്നുള്ള കമ്പനികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പ്രദേശിക ഉത്പന്നങ്ങളിൽ നിന്ന് 2.3 ലക്ഷം കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 42,500 കോടിയുടെ പുതിയ നിക്ഷേപങ്ങൾക്കുള്ള നിർദേശം ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ഹെവി ഇൻഡസ്ട്രീസ് സെക്രട്ടറി അരുൺ ഗോയൽ അറിയിച്ചു.
സർക്കാർ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വ്യവസായ രംഗത്തുണ്ടാകുന്നത്. വലിയ വ്യവസായ മേഖലകൾ സർക്കാരിന്റെ പദ്ധതികളെ അഭിനന്ദിക്കുകയാണ്. ഇത് നിക്ഷേപക സാധ്യത വർധിപ്പിക്കും. ഈ സാഹചര്യത്തിൽ ടെസ്ലയ്ക്ക് മാത്രമായി പ്രത്യേകം ഇളവും ആനുകൂല്യങ്ങളും നൽകുക സാധ്യമല്ലെന്ന സൂചനായണ് അരുൺ ഗോയൽ നൽകിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അതിനാൽ തന്നെ വ്യവസായത്തിനുള്ള ഇളവുകളും സമമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചൈനയിൽ നിർമിച്ച ടെസ്ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക എത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വിയോജിപ്പ് വ്യക്തമാക്കിയിരിക്കുന്നു. ചൈനയിലെ ആളുകൾക്ക് തൊഴിൽ നൽകുകയും ഇന്ത്യയിൽ വിറ്റഴിക്കുകയും ചെയ്യുന്ന കീഴ്വഴക്കം മോദി സർക്കാരിന്റെ ഭരണത്തിൽ സാധ്യമല്ലെന്നും, ഇന്ത്യൻ വിപണി പ്രയോജനപ്പെടുത്താൻ ഇവിടെ തൊഴിൽ സാധ്യത ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുജ്ജാർ മുമ്പ് നിലപാട് എടുത്തിരുന്നു.
ടെസ്ലയ്ക്ക നികുതി ഇളവ് നിഷേധിക്കാനായി നിരവധി കാരണങ്ങളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വിദേശ വാഹന നിർമാതാക്കളായ ഹ്യുണ്ടായി, മെഴ്സിഡസ് തുടങ്ങിയ വാഹന നിർമാതാക്കൾ നിലവിൽ ഈ നികുതി അടയ്ക്കുന്നുണ്ട്. ടെസ്ല പോലെയുള്ള പുതിയ വാഹനത്തിന് നികുതി ഇളവ് നൽകിയാൽ ഈ കമ്പനികളും ഇളവ് ആവശ്യപ്പെടും. ഇത് പ്രായോഗികമല്ലെന്നാതാണ് ഏറ്റവും പ്രധാന കാരണമായി സർക്കാർ പറയുന്നത്.