തിരുവനന്തപുരം: തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം. നഗരത്തില്‍ രാത്രികാല തട്ടുകടകള്‍ക്ക് രാത്രി 11 വരെ മാത്രം പ്രവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് താമസിയാതെ നടപ്പിലാക്കും. തട്ടുകടകളുടെ പ്രവര്‍ത്തനക്രമം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണര്‍ നേരത്തേ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
രാത്രി വൈകി തുറക്കുന്ന കടകളുടെ പരിസരം ഗുണ്ടകളുടെയും ലഹരി വില്‍പനക്കാരുടെയും താവളങ്ങളാകുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളെ വിവിധ സോണുകളുടെ കീഴിലാക്കും. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും എസ്.എച്ച്.ഒമാരുടെ കീഴിലായിരിക്കും നിയന്ത്രണം. അംഗീകൃത കടകള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കും. അനധികൃത തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. വൈകീട്ട് ഏഴുമുതല്‍ രാത്രി 11 വരെയാണ് അനുവദിച്ചിട്ടുള്ള സമയം. വാഹനങ്ങളിലോ ഉന്തുവണ്ടിയിലോ ഉള്ള കടകള്‍ മതിയെന്നാണ് നിര്‍ദേശം. റോഡരികില്‍ ഒരുക്കുന്ന സ്ഥിരം സംവിധാനങ്ങള്‍ പൊളിച്ചുമാറ്റണം.