ലണ്ടൻ: ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് മദ്യം കഴിച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. 36കാരനായ മാർക്ക് സി എന്ന യുവാവാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ കുഴഞ്ഞുവീണ് മരിച്ചത്. സുഹൃത്തിനൊപ്പം പോളണ്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. ക്ലബിലേക്ക് സൗജന്യ പ്രവേശനമാണെന്നറിഞ്ഞ് ഇരുവും കയറിയതായിരുന്നു. ക്ലബിലെത്തും മുമ്പേയും ഇരുവരും മദ്യപിച്ചിരുന്നു.
മാർക് ക്ലബിലെ മദ്യം നിരസിച്ചെങ്കിലും ജീവനക്കാർ നിർബന്ധിച്ചതോടെ കഴിക്കാൻ തുടങ്ങി. കുഴഞ്ഞ് വീഴുന്നതിന് മുമ്പ് വീര്യമേറിയ രണ്ട് ഷോർട്സ് മദ്യം കഴിച്ചു. കുഴഞ്ഞുവീണ മാർകിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( 42,816 രൂപ) ക്ലബ് ജീവനക്കാർ തട്ടിയെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാർക്കിന്റെ രക്തത്തിൽ 0.4 ശതമാനമായിരുന്നു മദ്യത്തിന്റെ അളവ്. സംഭവം നടന്നത് 2017 ലാണെങ്കിലും കേസെടുക്കുന്നത് ഇപ്പോഴാണ്. മരണവുമായി ബന്ധപ്പെട്ട് 58 പേർക്കെതിരെ പോളിഷ് പൊലീസ് കുറ്റം ചുമത്തി. മാർക്കിന് വൈദ്യസഹായം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. അമിതമായ അളവിൽ, വേഗത്തിൽ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.