ന്യൂയോർക്ക്: ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, ഭാര്യ നിക്കോൾ ഷാനഹാനുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ പേജ് സിക്സ് ആണ് റിപ്പോർട്ട് ചെയ്തത്. മേയ് 26ന് ഇരുവരും ബന്ധം അവസാനിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭാര്യക്ക് കോടീശ്വരനായ എലോൺ മസ്‌കുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വിവാഹമോചനമെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്കുമായി ബന്ധമാരോപിച്ച് ഒരു മാസത്തിന് ശേഷം ബ്രിൻ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, ബ്രിന്നിന്റെ ആരോപണം മസ്‌കും ഷാനഹനും നിഷേധിച്ചു. അഭിഭാഷകയും സംരംഭകയുമായ നിക്കോൾ ഷനഹാനാനും ബ്രിന്നും 2018ലാണ് വിവാഹിതരാകുന്നത്. പൊരുത്തപ്പെട്ട് പോകില്ലെന്ന് കാണിച്ച് ജനുവരിയിലാണ് ബ്രിൻ വിവാഹമോചന അപേക്ഷ ഫയൽ ചെയ്തത്.
ബ്രിനും ഷാനഹാനും 2015 മുതൽ ഒരുമിച്ചാണ് ജീവിക്കുന്നത്. 2018 നവംബറിൽ വിവാഹിതരായി. എന്നാൽ, 2021 ഡിസംബർ മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകൾ ഉണ്ട്. മകളുടെ സംയുക്ത സംരക്ഷണാവകാശവും ബ്രിൻ കോടതിയിൽ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വത്ത് വിഭജനവും പരിഹരിച്ചു. ആസ്തിയും ബാധ്യതകളും സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷമായിരുന്നു വിവാഹമോചനം.
ആദ്യ ഭാര്യ ആൻ വോജിക്കിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ബ്രിൻ ഷനഹാനുമായി ബന്ധത്തിലാകുന്നത്. 2ഇരുവരും 2021 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 118 ബില്യൺ ഡോളർ ആസ്തിയുള്ള 50 കാരനായ ഗൂഗിൾ സഹസ്ഥാപകൻ ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ്. 34 കാരിയായ ഷാനഹാൻ കാലിഫോർണിയ ആസ്ഥാനമായുള്ള അറ്റോർണിയും ലിങ്ക്ഡ് ഇൻ പ്രൊഫൈൽ അനുസരിച്ച് ബിയ-എക്കോ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റുമാണ്.