തൊടുപുഴ: കോ ഓപറേറ്റിവ് ലോ കോളജിലെ വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കി നടത്തിയ സമരം ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ അവസാനിപ്പിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ മിക്കതും അംഗീകരിച്ചാണ് സമരം അവസാനിപ്പിച്ചത്. മാനേജ്മെന്റിനെ പിരിച്ചുവിട്ട് കോളജിന്റെ ഭരണം ജില്ല രജിസ്ട്രാറെ ഏൽപിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച പ്രതിഷേധം ബുധനാഴ്ച പുലർച്ച 12.30നാണ് അവസാനിപ്പിച്ച് വിദ്യാർഥികൾ കെട്ടിടത്തിനുമുകളിൽ നിന്നിറങ്ങിയത്.
ഇടുക്കി സബ് കലക്ടർ അരുൺ നായർ, തഹസിൽദാർ എ.എസ്. ബിജിമോൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്മെന്റുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരമായത്. സമരത്തിനിടയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വിദ്യാർഥികളുമായി സംസാരിച്ചിരുന്നു.
വിദ്യാർഥികൾ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിച്ചാണ് കോളജ് ഭരണം അഡ്മിനിസ്ട്രാർ ഭരണത്തിനുകീഴിലാക്കിയത്. ഇതിനായി ജില്ല രജിസ്ട്രാറെ ചുമതലപ്പെടുത്തി. സമരത്തിന് കാരണമായ മാർക്ക് ദാന വിവാദം സർവകലാശാല സമിതി അന്വേഷിക്കും. സമരക്കാർക്കെതിരെ റാഗിങ് ആരോപിച്ച് നൽകിയ പരാതി നിയമപരമായി പരിശോധിക്കുമെന്നും പ്രതികാര നടപടി ഉണ്ടാകി ല്ലെന്നും വിദ്യാർഥികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ഇന്റേണൽ മാർക്ക് നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമരം ചെയ്ത ഏഴ് പേരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് 15ഓളം വിദ്യാർഥികൾ ആത്മഹത്യ ഭീഷണി മുഴക്കിയത്.