തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി -കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് യോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദ്യ കേസായി പരിഗണിക്കാന്‍ മാറ്റിയത്. തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തിയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.