തിരുവനന്തപുരം : തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആള്‍ക്കൂട്ട തിരുവാതിര നടത്തി. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് തുടക്കമായത്. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടിയതിന്റെ തിളക്കത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ 14 നിയമസഭ സീറ്റില്‍ 13 ലും ഇടത് മുന്നണിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതിന് മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വമ്പിച്ച മുന്നേറ്റം ജില്ലയിലുണ്ടാക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു.
ഇതിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയതിനാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണ്ണ സമയം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.