കണ്ണൂർ: കണ്ണൂരിലെ അതിർത്തി ഗ്രാമത്തിലെ കർഷകരുടെ വിളകൾ പിഴുതെറിഞ്ഞും വഴി തടഞ്ഞും കർണാടക വനം വകുപ്പ്. അയ്യൻകുന്ന്, പാലത്തിങ്കടവ് നിവാസികൾക്കാണ് ഗതികേട്. വീട് നിർമാണം ഉൾപ്പെടെ തടഞ്ഞതോടെ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് എത്തി.
കർണാടകയോട് ചേർന്നാണ് പാലത്തിങ്കടവ് ബാരാപ്പോൾ പുഴയോരം. അയ്യൻകുന്ന് വില്ലേജിൽ നികുതിയടയ്ക്കുന്ന ഭൂമിയാണ്. ഇവിടെ എന്തുതന്നെ ചെയ്താലും കർണാടക വനം വകുപ്പ് തടയും.
കൃഷി ഭൂമിയിൽ കാടുവെട്ടിത്തെളിച്ചപ്പോഴും വനപാലകരെത്തി. ഏഴിൽ നാല് കുടുംബങ്ങളാണ് കർണാടക വനം വകുപ്പിന്റെ ഭീഷണിയെത്തുടർന്ന് ഒഴിഞ്ഞുപോയത്. ഇപ്പോഴിവിടെയുള്ള വിശ്വനാഥന്റെ മരച്ചീനികൃഷി കഴിഞ്ഞ ദിവസം വനപാലകർ പിഴുതെറിഞ്ഞു. കാട്ടിലൂടെ വേണം വിശ്വനാഥന്റെ വീടെത്താൻ.
വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും ഇവർ അനുമതി നിഷേധിച്ചതോടെ പ്ലാസ്റ്റിക് ഷീറ്റിട്ട് മേൽക്കൂരയാക്കേണ്ടി വന്നു. വനപാലകരുടെ അതിക്രമത്തിനെതിരെ പഞ്ചായത്തംഗങ്ങൾ അടക്കം ജനകീയ സമിതി ഒത്തുകൂടി. ഇരു സംസ്ഥാനങ്ങളുടെയും വനംവകുപ്പ് അധികൃതരുടെ ചർച്ചയിലൂടെ തർക്കം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.