തിരുവനന്തപുരം: മൂന്ന് യുവാക്കളെ 80 അടി താഴ്ചയുള്ള കിണറിൽനിന്ന് ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ആറ്റിങ്ങൽ കാട്ടുമ്പുറത്ത് ആൾതാമസമില്ലാത്ത വീടിനുസമീപത്തെ പൊട്ടക്കിണറ്റിൽ വീണ രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. കാട്ടുമ്പുറം കാട്ടുവിളവീട്ടിൽ നിഖിൽ (19), നിതിൻ (17), പുത്തൻവിളവീട്ടിൽ രാഹുൽ രാജ് (18) എന്നിവരാണ് ശനിയാഴ്ച കിണറ്റിൽ അകപ്പെട്ടത്.
ഗുരുതര പരിക്കേറ്റ നിതിൻ, രാഹുൽ രാജ് എന്നിവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കൈ, കാൽ അസ്ഥികൾക്ക് പൊട്ടലും ദേഹമാസകലം വലിയ ചതവുകൾ ഉൾപ്പെടെ ഗുരുതര പരിക്കുകളുണ്ട്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒരാൾ കിണറ്റിൽ അകപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ കൂടെയുള്ളവർ കൂടി കിണറ്റിൽ വീണു എന്നാണ് ഇവർ പറഞ്ഞത്. നാട്ടുകാരുടെ രക്ഷാപ്രവർത്തനം വിഫലമായതോടെ ആറ്റിങ്ങൽ അഗ്നിരക്ഷാസേനയുടെ സഹായം തേടി.
80 അടിയോളം താഴ്ചയും വെള്ളവുമുള്ള ആൾമറയില്ലാത്തതും ഉപയോഗശൂന്യവുമായ കിണറായിരുന്നു ഇത്. ആഴം കൂടുതലെങ്കിലും ചളി നിറഞ്ഞതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ അവശ നിലയിലായിരുന്ന മൂവരെയും ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.