മൂന്നാർ : രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണമെന്ന് (Tiger Attack) പരാതി. മേയാൻ വിട്ടിരുന്ന രണ്ടു പശുക്കളെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കണ്ടു നിന്ന പശു (Cow) നോട്ടക്കാരൻ ഓടി രക്ഷപ്പെട്ടു. നയമക്കാട് എസ്റ്റേറ്റിൽ രാജമല ഡിവിഷനിൽ മാരിമുത്തു, കറുപ്പ് സ്വാമി എന്നിവരുടെ പശുക്കൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. എസ്റ്റേറ്റിലെ പശു നോട്ടക്കാരനായ കൃഷ്ണനാണ് ഓടി രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11.30നാണ് സംഭവം. ഡിവിഷനിലെ രണ്ടാം നമ്പർ ഫീൽഡിൽ മേയാൻ വിട്ടിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. സംഭവം കണ്ടു നിന്ന കൃഷ്ണൻ ഓടി സമീപത്തുള്ള മറ്റു തൊഴിലാളികളെ വിവരമറിയിച്ചതിനെ തുടർന്ന് ആളുകളെത്തിയതോടെ കടുവ കാട്ടിലേക്ക് മടങ്ങി. വെറ്റിനറി ഡോക്ടറുടെ നേതൃത്യത്തിൽ സ്ഥലത്തെത്തി പരിക്കേറ്റ പശുക്കൾക്ക് ചികിത്സ നൽകി.
രാജമല മേഖലയിൽ കടുവയുടെ ആക്രമണം പതിവാണെന്ന് തൊഴിലാളികൾ പറഞ്ഞു. നാലു മാസം മുൻപ് അപ്പാരാജിൻ്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. കഴിഞ്ഞ നവംബറിൽ പഞ്ചായത്തംഗം ദിനകരൻ്റെ പശുവിനെ കടുവ കൊന്നുതിന്നിരുന്നു. മാസങ്ങളായി ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.