അഗർത്തല : ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിര്‍ത്തുന്നത്. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ഉള്‍പ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബിജെപിക്കായി. ഗോത്ര മേഖലകളിലെ തിപ്ര മോത പാര്‍ട്ടിയുടെ ഉദയം വന്‍ വിജയം നേടുന്നതില്‍ നിന്ന് ബിജെപിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി.
എന്നാൽ പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി. കഴിഞ്ഞ തവണ 16 സീറ്റില്‍ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഇടത് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും കൂടി ചേർന്ന് 33 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളു. 2018 ൽ 41 ശതമാനം വോട്ട് നേടിയ ബിജെപി 39 ശതമാനം വോട്ട് നേടി ഏതാണ്ട് സ്വാധീനം നിലനിർത്തി.
എന്നാൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയും തോറ്റത് ബിജെപി സഖ്യത്തിന് തിരിച്ചടിയായി. ത്രിപുരയില്‍ മിന്നും പ്രകടനം കാഴ്ച്ച വെച്ചത് പ്രദ്യുത് ദേബ്‍ബർമെന്‍റെ തിപ്ര മോത പാര്‍ട്ടിയാണ്. കന്നി മത്സരത്തില്‍ 13 സീറ്റ് നേടാൻ തിപ്ര മോതക്കായി. ഇരുപത് ശതമാനം വോട്ടും തിപ്ര മോത പിടിച്ചു. ഐപിഎഫ്ടിയുടെ കോട്ടയായ തക്രജലയില്‍ പോലും വന്‍ ഭൂരിപക്ഷം തിപ്രമോതയ്ക്കുണ്ട്. പതിമൂന്ന് സീറ്റ് നേടിയ തിപ്ര മോത പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ സിപിഎമ്മിൻറെ പ്രതിപക്ഷനേതൃ സ്ഥാനവും ത്രിശങ്കുവിലായി.