കാക്കനാട്: റോഡ് നിയമലംഘനങ്ങൾ പതിവാക്കിയ യുവാവ് പിഴയടക്കാൻ മടിച്ചതോടെ ചെവിക്ക് പിടിച്ച് കോടതി. ആലുവ സ്വദേശിയിൽനിന്ന് 29,000 രൂപയാണ് പിഴയീടാക്കിയത്. മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.തോട്ടുമുഖം സ്വദേശിയായ മുനീഫിനാണ് വൻ തുക പിഴയടക്കേണ്ടി വന്നത്. 29,000 രൂപയിൽ 16,000 രൂപ മുനീഫ് ഓടിച്ചിരുന്ന വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയായ മാതാവിന്റെ പേരിലും ബാക്കി 13,000 രൂപ ഇയാൾക്കുമാണ് പിഴ വിധിച്ചത്. സൈലൻസർ ഘടിപ്പിച്ചതിന് 2000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ഇതിനു പുറമെ നിയമവിരുദ്ധമായ രൂപമാറ്റത്തിന് 5000 രൂപയും ഹെൽമറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് 500 രൂപയും കൈകാണിച്ചിട്ടും നിർത്താതെ പോയതിന് 1000 രൂപയും പിഴ ചുമത്തി. എന്നാൽ, മുനീഫ് ഇത് അടച്ചില്ല. ഇതോടെ സൈലൻസറിന് 10,000 രൂപയും ഹെൽമറ്റിനും കൈകാണിച്ചിട്ട് നിർത്താത്തതിനും 2000 രൂപ വീതവുമാണ് കോടതി ഈടാക്കിയത്.
നേരത്തേ അങ്കമാലിയിൽവെച്ച് രൂപമാറ്റം വരുത്തിയ സൈലൻസറുമായി വാഹനം ഓടിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. അന്ന് 5000 രൂപ അടക്കാനും യഥാർഥ സൈലൻസർ ഘടിപ്പിക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചത്.തുടർന്ന് പിഴയടച്ച് വാഹനം കാണിച്ചെങ്കിലും അധികം വൈകാതെ മറ്റൊരു മോഡൽ സൈലൻസർ ഘടിപ്പിച്ചു. പിന്നീട് രണ്ടുതവണ ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടെങ്കിലും പിഴ അടച്ചില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയതും വൻ തുക അടക്കേണ്ടി വന്നതും.