ഇസ്തംബുൾ ∙ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടർ ഭൂകമ്പങ്ങളിലും മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതായി റിപ്പോർട്ടുകൾ. തുർക്കിയിൽ 3,381 പേരും സിറിയയിൽ 1,444 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. സിറിയയിലെ വിമത നിയന്ത്രിത മേഖലകളിൽ മാത്രം 790 പേർ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ ആറിന് ഇസ്തംബുളിൽ നിന്ന് 13,000 പേർ അടങ്ങിയ രക്ഷാപ്രവർത്തക സംഘം ദുരിത മേഖലകളിലേക്ക് പോയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഉച്ചയോടെ 24,400 പേർ തുർക്കിയിൽ മാത്രം രക്ഷാദൗത്യങ്ങളിൽ സജീവമാണെന്ന് തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ഭൂകമ്പത്തിൽ തുർക്കിയിൽ 5,775 കെട്ടിടങ്ങൾ തകർന്നതായാണ് ഔദ്യോഗിക കണക്കുകൾ. അതേസമയം, 11,342 കെട്ടിടങ്ങൾ തകർന്നതായാണ് അനൗദ്യോഗിക വിവരമെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടു ചെയ്തു.
∙ മരണം 20,000 പിന്നിടും: ലോകാരോഗ്യ സംഘടന
തുർക്കിയിൽ 7,800 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണനിരക്കു വരുംദിവസങ്ങളിൽ 20,000 പിന്നിടാൻ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയർ എമർജൻസി ഓഫിസർ കാതറീൻ സ്മാൾവുഡ് വിലയിരുത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവനോടെ കുടുങ്ങിക്കിടപ്പുള്ളതായി കരുതുന്ന നൂറുകണക്കിനു പേരെ രക്ഷിക്കാനുള്ള ദൗത്യത്തിലാണു രക്ഷാപ്രവർത്തകർ. ഇതിനിടെ ഇടയ്ക്കിടെ എത്തുന്ന തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. മധ്യതുർക്കിയിൽ ചൊവ്വാഴ്ച രാവിലെ 5.6 രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിത്തുടങ്ങി. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സഹായവാഗ്ദാനം നൽകി. തുർക്കി പ്രസിഡന്റിനെ വിളിച്ചാണ് ബൈഡൻ ഇതറിയിച്ചത്.