തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ആര്‍ക്കും ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ചാവശ്ശേരിയില്‍ സ്‌ഫോടനത്തില്‍ 2 ആസാം സ്വദേശികള്‍ മരിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.വിഷയദാരിദ്ര്യമാണ് പ്രമേയ നോട്ടീസിന് കാരണമെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു
6.07.2022 ന് ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള ഒരു വീട്ടില്‍ സ്ഫോടനം നടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വീടിന്റെ വരാന്തയില്‍ പരിക്കേറ്റ നിലയില്‍ കണ്ടയാളെ പരിസരവാസികളുടെയും മറ്റും സഹായത്തോടെ ആശുപത്രിയിലേക്ക് അയച്ചു. മുകളിലത്തെ നിലയില്‍ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതായും കണ്ടെത്തി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്.പൊലീസ് അന്വേഷണത്തില്‍ ഇവര്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന ആസാം സ്വദേശികളാണെന്ന് വ്യക്തമായി. പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസിലാക്കി.
ഇക്കാര്യത്തില്‍ ക്രൈം. നം. 526/22 ആയി മട്ടന്നൂര്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നപടികള്‍ സ്വീകരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ അന്നുതന്നെ മരണപ്പെട്ടു.സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍, ബോംബ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
ഇവര്‍ പല സ്ഥലങ്ങളില്‍ നിന്നും പാഴ്വസ്തുക്കള്‍ ശേഖരിച്ചിരുന്നതിനാല്‍ സ്ഫോടക വസ്തു എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആ ദിവസങ്ങളില്‍ പാഴ്വസ്തുക്കള്‍ ശേഖരിച്ച സ്ഥലത്തെപ്പറ്റിയും അന്വേഷിച്ചു വരുന്നു.
ഇവിടെ പ്രമേയാവതാരകന്റെ നോട്ടീസില്‍ 2021 ല്‍ നടന്നതടക്കമുള്ള ചില സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.2022 മാര്‍ച്ചിലെ ദേശീയ പണിമുടക്ക് ദിവസം മൊകേരി നടമ്മല്‍ എന്ന സ്ഥലത്ത് സ്ലാബിനടിയില്‍ ബോംബുകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈം. നം. 209/22 ആയി പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു.കതിരൂരില്‍ 14.04.2021 ന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനം നടന്ന കാര്യത്തിന് കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൈം.നം.151/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് 7 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രസ്തുത കേസും അന്വേഷണാവസ്ഥയിലാണ്.