ജീവിതരീതികളിലെ പാളിച്ചകള്‍ മൂലം നിരവധി പേര്‍ അഭിമുഖീകരിക്കുന്നൊരു രോഗമാണ് അള്‍സര്‍. അധികപേരും അള്‍സറിനെ കുറിച്ച് കേട്ടിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ കൂടുതലായി പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന അന്നനാളം, കുടല്‍, ആമാശയം എന്നിവിടങ്ങളില്‍ തുറന്ന ചെറുവ്രണങ്ങള്‍ വരുന്നതിനെയാണ് അള്‍സര്‍ എന്ന് വിളിക്കുന്നത്. ഇത് വലിയൊരു ശതമാനവും ഡയറ്റ് അടക്കമുള്ള ജീവിതരീതികളിലെ പാളിച്ചകള്‍ മൂലമാണ് പിടിപെടുന്നത്. ഒപ്പം തന്നെ ചില മരുന്നുകളുടെ അമിതോപയോഗവും കാരണമാകാറുണ്ട്.
അള്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ക്രമേണ ന്തരീക രക്തസ്രാവത്തിന് കാരണമാവുകയും പിന്നീട് രക്തം മാറ്റിവയ്ക്കുന്നത് അടക്കമുള്ള ഗൗരവതരമായ ചികിത്സകളിലേക്ക് കടന്നില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്‌തേക്കാം.
കൂടുതല്‍ പേരിലും ആമാശയത്തിലും അതിന് തൊട്ട് താഴെയുമായാണ് അള്‍സര്‍ കാണപ്പെടുന്നത്. 25നും 64നും ഇടയിലുള്ള പ്രായക്കാരിലാണ് അള്‍സര്‍ കാര്യമായി പിടിപെടുന്നത്. ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ ചില മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നതും (പെയിന്‍ കില്ലേഴ്‌സ് ആണ് ഇതില്‍ പ്രധാനം) അള്‍സറിലേക്ക് നയിച്ചേക്കാം. പുകവലി,മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും അള്‍സറിലേക്ക് വഴിയൊരുക്കാം.
ഇനി ഇതിന്റെ ചില ലക്ഷണങ്ങളാണ് പങ്കുവയ്ക്കുന്നത്. ചിലരില്‍ ലക്ഷണങ്ങള്‍ ഏറെ കാലത്തേക്ക് പ്രകടമാകാതിരിക്കാം. മറ്റ് ചിലരിലാകട്ടെ ഇത് പ്രകടമായി വരികയും ചെയ്യാം.
ലക്ഷണങ്ങള്‍…
1. വയറുവേദന: വയറിന്റെ മുകള്‍ഭാഗത്തായി വേദന അനുഭവപ്പെടുന്നത് അള്‍സറിന്റെ ലക്ഷണമാകാം. സാമാന്യ കാര്യമായ രീതിയില്‍ തന്നെ ഈ വേദന അനുഭവപ്പെടാം.
2. ഓക്കാനം: അള്‍സറുള്ളവരില്‍ ദഹനരസത്തില്‍ വ്യതിയാനം വരാം. ഇതിന്റെ ഭാഗമായി രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ഓക്കാനം വരാം.
3. ഛര്‍ദ്ദി: ഛര്‍ദ്ദിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഓക്കാനം. എന്നാല്‍ അള്‍സറുള്ളവരില്‍ ഛര്‍ദ്ദിയും ലക്ഷണമായി വരാം. അള്‍സര്‍ ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുമ്പോഴാണ് ഈ ലക്ഷണം കാണപ്പെടുന്നത്.
4. മലത്തില്‍ രക്തം: വയറുവേദനയ്‌ക്കൊപ്പം തന്നെ മലത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അതും അള്‍സറിന്റെ ലക്ഷണമാകാം.
5. നെഞ്ചെരിച്ചില്‍: ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യവും ശ്രദ്ധിക്കുക. അള്‍സറിലേക്കുള്ള സൂചനയാകാം ഇത്.
6. വിശപ്പില്ലായ്മ: ദഹനപ്രശ്‌നങ്ങളുടെ ഭാഗമായി അള്‍സര്‍ രോഗികളില്‍ വിശപ്പ് കുറഞ്ഞുവരാം. തന്മൂലം ശരീരഭാരം കാര്യമായി കുറയുകയും ചെയ്യാം.
ഇത്തരം ലക്ഷണങ്ങളെല്ലാം തന്നെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് പിടിപെടുന്ന പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. അതിനാല്‍ തന്നെ സ്വാഭാവികമായും ആശയക്കുഴപ്പം വരാം. പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുകയാണ് ഇതിന് പരിഹാരം. അള്‍സര്‍ സ്ഥിരീകരിച്ചാല്‍ ചികിത്സയും വൈകിക്കരുത്. ഒപ്പം തന്നെ ജീവിതരീതികളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഇക്കാര്യങ്ങളും നിര്‍ബന്ധമായി പിന്തുടരുക.