ഝാൻസി : താൻ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാ ഭാരതിയുടെ സംശയത്തെ തുടർന്ന് ട്രെയിൻ വൈകിയത് രണ്ട് മണിക്കൂറിലേറെ. ഖജുരാഹോ കുരുക്ഷേത്ര എക്സ്പ്രസിന് ബോംബ് ഭീഷണിയുണ്ടെന്ന് സംശയിച്ച് അതിൽ യാത്ര ചെയ്യുകയായിരുന്ന മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി റെയിൽവെ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ലളിത്പൂർ സ്റ്റേഷനിൽ ട്രയിൻ വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. ട്രെയിൻ വിശദമായി പരിശോധിച്ച് ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
ടികാമാർഗിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിനിലെ എച്ച്എ-1 കമ്പാർട്ട്മെന്റിലാണ് ഉമാഭാരതി യാത്ര ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. രാത്രി 9.40ന് ലളിത്പൂർ സ്റ്റേഷനിൽ എത്തിയ ട്രെയിൻ രാത്രി 11.30 വരെ ഇവിടെ നിർത്തിയിട്ടു. ആർപിഎഫിന്റെയും ജിആർപിയുടെയും സംയുക്ത സംഘം ട്രെയിനിൽ വിശദമായി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഝാൻസിയിലെത്തിയപ്പോൾ വീണ്ടും പരിശോധനകൾ നടത്തിയിരുന്നു.