കോഴിക്കോട്: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വെള്ളിയാഴ്ച മുതൽ യൂണിഫോം വിതരണം ആരംഭിക്കും. അതേസമയം, അധ്യാപകരുടെ മൂല്യനിര്‍ണയ ബഹിഷ്കരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു അധ്യാപകരുടെ നീക്കം. മുന്നറിയിപ്പില്ലാതെയായിരുന്നു ബഹിഷ്കരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഏതെങ്കിലു ഒരു അധ്യാപകനല്ല, സർക്കാർ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്. ഇവിടെ തിരഞ്ഞെടുപ്പെട്ട ഒരു സർക്കാരുണ്ട്, ആ സർക്കാരിന് ഒരു വിദ്യാഭ്യാസ മന്ത്രിയുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുണ്ട്. വിദ്യാഭ്യാസ ഡയറക്ടറുണ്ട്. അധ്യാപകർ പാലിക്കേണ്ട നിയമങ്ങളുമുണ്ട്. ആ നിയമങ്ങൾ ലംഘിക്കേണ്ട അവകാശം ആർക്കുമില്ല’– അദ്ദേഹം പറഞ്ഞു.