കുളു: നടി വൈഭവി ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. അപകട സമയത്ത് വൈഭവി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ഗുരുതരമായ പരിക്ക് പറ്റിയതാണ് മരണകാരണം. ചൊവ്വാഴ്ച പുലര്‍ച്ചെ ഹിമാചല്‍ പ്രദേശില്‍ വെച്ചായിരുന്നു വൈഭവി ഉപാധ്യായുടെ മരണം സംഭവിച്ച അപകടം നടന്നത്.
വളവ് തിരിയുന്നതിനിടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഹിമാചലില്‍ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവന്നു. പൊതുദര്‍ശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടന്നു. വരുന്ന ഡിസംബറില്‍ വൈഭവിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രതിശ്രുതവരന്റെയൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് നടി യാത്രപോയത്. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം.