ലഖ്‌നൗ: വൈകാരിക കുറിപ്പുമായി ബിജെപി സീറ്റ് നിഷേധിച്ച വരുൺ ഗാന്ധി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ലോക്‌സഭാ സ്ഥാനാർഥി പട്ടികയിൽ നിന്ന് പിലിഭിത് എംപി വരുൺ ഗാന്ധിയെ ബിജെപി ഒഴിവാക്കിയിരുന്നു. തുടർന്നാണ് കുറിപ്പ് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. തൻ്റെ മണ്ഡലത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കുമെന്നും തന്റെ വാതിലുകൾ അവർക്ക് മുന്നിൽ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പിലിഭിത്തുമായുള്ള തൻ്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. പിലിഭിത്തിൻ്റെ പുത്രൻ എന്നാണ് അദ്ദേഹം കത്തിൽ സ്വയം വിശേഷിപ്പിച്ചത്. സാധാരണക്കാരൻ്റെ ശബ്ദം ഉയർത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാൻ ഞാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഞാനും പിലിഭിത്തും തമ്മിലുള്ള ബന്ധം സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയുമാണെന്നും അദ്ദേഹം പറഞ്ഞു. 1983ൽ അമ്മയുടെ വിരൽത്തുമ്പിൽ ആദ്യമായി പിലിഭിത്തിലെത്തിയ ആ മൂന്ന് വയസ്സുകാരനെ ഞാൻ ഓർക്കുന്നു. അന്ന് അവൻ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് അവന്റെ കർമമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങൾ തൻ്റെ കുടുംബമായി മാറുമെന്നും- വരുൺ ഗാന്ധി കുറിച്ചു.
നിങ്ങളുടെ പ്രതിനിധിയായത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്, എൻ്റെ കഴിവിൻ്റെ പരമാവധി നിങ്ങളുടെ താൽപ്പര്യങ്ങൾക്കായി ഞാൻ പോരാടിയിട്ടുണ്ട്. എംപി എന്ന നിലയിലുള്ള എൻ്റെ കാലാവധി അവസാനിക്കാറായെങ്കിലും പിലിഭിത്തുമായുള്ള എൻ്റെ ബന്ധം അവസാനിപ്പിക്കാൻ കഴിയില്ല. എൻ്റെ അവസാന ശ്വാസം വരെ, ഒരു എംപി എന്ന നിലയിലല്ലെങ്കിൽ, ഒരു മകനെന്ന നിലയിൽ, എൻ്റെ ജീവിതത്തിലുടനീളം നിങ്ങളെ സേവിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പല സംഭവങ്ങളിലും ബിജെപിക്കും പ്രധാനമന്ത്രിക്കും തലവേദനയാകുന്ന നിലപാടുകളായിരുന്നു വരുൺ ഗാന്ധി സ്വീകരിച്ചത്. തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.