കൊച്ചി : സിപിഎമ്മിലേത് കേട്ടുകേൾവിയില്ലാത്ത തർക്കമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും തമ്മിലുള്ള തർക്കമാണ് എൽഡിഎഫിലെ സ്ഥാനാർഥി നിർണയം വൈകാൻ കാരണമെന്നും വി ഡി സതീശൻ പറഞ്ഞു. സിപി എമ്മിൽ എറണാകുളത്തു രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത തർക്കമാണ് നടക്കുന്നത്. അതിനാലാണ് സ്ഥാനർത്ഥി നിർണയം ഇത്രയും വൈകുന്നത്.
എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് രണ്ടുതരം നീതിയാണ്. ഇതേക്കുറിച്ച് നിശബ്ദത പാലിച്ച് കോൺഗ്രസിൽ പ്രശ്നമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾ കോൺഗ്രസിന്റെ പുറകെ മാത്രം നടക്കുന്നു. സിപിഎമ്മിലെ തർക്കം മറച്ചു വെക്കാൻ കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥി വരും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. തോപ്പും പടിയിൽ നിന്നും ആരേലും എന്തെങ്കിലും പറഞ്ഞെന്നു പറഞ്ഞു ഇനി തങ്ങളോട് പ്രതികരണം ചോദിക്കരുതെന്ന് കെവി തോമസിനെ പരിഹസിച്ചു കൊണ്ട് സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ വികസന അജണ്ട ചർച്ച ആകുന്നത് നല്ലത്. എറണാകുളത്തു എന്ത് വികസന പദ്ധതി വന്നപ്പോഴും എതിർത്തവരാണ് സിപിഎമ്മുകാരെന്നും വികസനം വേണം വിനാശം വേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് വാക്ക് പാലിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പാണ്. വിജയത്തിന് ഇടങ്കോൽ ഇടുന്ന ആരും മുന്നണിയിൽ ഇല്ല. ഇടതു പക്ഷത്താണ് ആശങ്ക. തൃക്കാക്കരയിലേക്ക് പറഞ്ഞു കേട്ട സ്ഥാനാർഥിയെ എൽഡിഎഫിന് പിൻവലിക്കേണ്ടി വന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. എല്ലാ കാലഘട്ടത്തിലും വികസന വിരുദ്ധ നിലപാട് സ്വീകരിച്ചത് സിപിഎമ്മാണെന്നും വികസനത്തെ കുറിച്ച് തുറന്ന ചർച്ചക്ക് സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.