മോസ്കോ: റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുഎസിനും മറ്റു രാജ്യങ്ങൾക്കും വിവരങ്ങൾ ചോർത്തുന്നവരെയും റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുട്ടിന്റെ പുതിയ ഭീഷണി. വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുട്ടിൻ പറഞ്ഞു.
സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. രാജ്യത്തിന്റെ അഖണ്ഡതയും സഹവർത്തിത്വവും നിലനിർത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനു തയാറെടുക്കുന്നതിനും അത് അത്യാവശ്യമാണ്. റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും കടുത്ത സ്വരത്തിൽ പുട്ടിൻ പറഞ്ഞു.
റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. റഷ്യയ്ക്കകത്തും പുറത്തും യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. റഷ്യയ്ക്കുള്ളിൽ നടക്കുന്ന സമരം ക്രൂരമായി അടിച്ചമർത്തുകയാണെന്നാണു വിവരം. പ്രക്ഷോഭം സംഘടിപ്പിക്കുന്നവർക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തുന്നത്. വിലക്കു ലംഘിച്ചു പ്രക്ഷോഭം നടത്തിയ നൂറുകണക്കിനാളുകളെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളും ഊർജിതമായിട്ടുണ്ട്.