ഇസ്‌ലാമാബാദ് : പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെയുള്ള അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിനായി പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഇന്നു ചേരും. രാവിലെ 10.30 ന് സഭ ചേരുമെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാർലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയ്ക്കു മുൻപ് സഭ ചേരാനാണു സ്പീക്കർ അസദ് ഖാസിയറിനോട് ആവശ്യപ്പെട്ടത്.
പരമോന്നത കോടതിയുടെ ഉത്തരവു പാലിക്കുമെന്നു വ്യക്തമാക്കിയ ഇമ്രാൻ ഖാൻ പാക്കിസ്ഥാനുവേണ്ടി അവസാന പന്തു വരെ പോരാടുമെന്ന പ്രസ്താവന ആവർത്തിച്ചു. ഇമ്രാനെ പുറത്താക്കാനുള്ള പ്രതിപക്ഷനീക്കത്തിന് കോടതിവിധി ഊർജം പകർന്നെങ്കിലും വിധിക്കെതിരെ ഇമ്രാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിലെ (പിടിഐ) നേതാക്കൾ രംഗത്തെത്തി. ‘ജുഡീഷ്യൽ അട്ടിമറി’യാണു കഴിഞ്ഞ രാത്രി നടന്നതെന്ന് മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ട്വീറ്റ് ചെയ്തു. വീണ്ടും സ്വതന്ത്ര പാക്കിസ്ഥാനു വേണ്ടി പോരടിക്കേണ്ട ഗതികേടിലേക്കാണു രാജ്യം പോകുന്നതെന്നു നിയമ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചു.
അവിശ്വാസ പ്രമേയം വിജയിച്ചാൽ, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക്ക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ മാറും. പ്രമേയം വിജയിച്ചാൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി 2023 ഓഗസ്റ്റ് വരെയാണ്. ഇടക്കാല തിരഞ്ഞെടുപ്പിനു സന്നദ്ധമാണെന്നും വിദേശ ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു.