തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം സ്പോൺസേർഡ് അനധികൃത നിയമനം നടക്കുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി വി വി രാജേഷ്. ഭരണസമിതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സിപിഐഎം അംഗങ്ങളെയും അനുഭാവികളെയും കോർപ്പറേഷനിൽ തിരുകി കയറ്റാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചാണ് അനധികൃത നിയമനങ്ങൾക്ക് സിപിഐഎം ശ്രമിക്കുന്നത്. 671 പേരുടെ പട്ടിക എംപ്ലോയ്മെൻ്റിൽ നിന്ന് കോർപ്പറേഷനിൽ അയച്ചുകൊടുത്തു. 403 പേർ അഭിമുഖത്തിനെത്തി. അതിൽ നിന്നും 56 പേരെ തിരഞ്ഞെടുത്തു. 56 പേരെ ആര് അഭിമുഖം നടത്തിയെന്നോ എവിടെ വെച്ച് അഭിമുഖം നടത്തിയെന്നോ വ്യക്തമല്ലെന്നും വി വി രാജേഷ് വ്യക്തമാക്കി.