കൊവിഡ് 19 മഹാമാരിയില്‍ നേരിട്ട് ബാധിക്കപ്പെട്ടോ, അതിനോട് അനുബന്ധമായ പ്രതിസന്ധികളുടെ ഭാഗമായോ ജിവന്‍ നഷ്ടപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന. ഇന്ന് ഔദ്യോഗികമായി ലഭ്യമായ കൊവിഡ് മരണനിരക്കില്‍ നിന്ന് ഇരട്ടിയിലധികമാണ് ഈ കണക്ക്. കൊവിഡ് 19 വന്നതിന് ശേഷം ലോകത്ത് ആകെ ഒന്നര കോടിയോളം പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 62 ലക്ഷം പേരാണ് ഔദ്യോഗിക കണക്കുകളില്‍ ലോകത്താകെയും കൊവിഡ് 19മായി ബന്ധപ്പെട്ട് മരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് മാത്രമല്ല, അതിനോട് അനുബന്ധമായി മെഡിക്കല്‍ മേഖലകള്‍ പ്രതിസന്ധികള്‍ നേരിട്ടത് മുഖേനയും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലുള്‍പ്പെടുന്നുണ്ട്. അതായത്, ഒരു ക്യാന്‍സര്‍ രോഗിക്ക് കൊവിഡ് കാലത്ത് ചികിത്സ നിഷേധിക്കപ്പെടുകയും അയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തുവങ്കില്‍ അതും ഈ കണക്കിലുള്‍പ്പെടുന്നുണ്ട്.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ആണ് ഇന്ന് കണക്കുകള്‍ പുറത്തുവിട്ടത്. വളരെയധികം ഗൗരവമായി കാണേണ്ടതാണ് ഈ കണക്കെന്നും ഭാവിയില്‍ ഇത്തരത്തില്‍ മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ സംഭവിച്ചുകഴിഞ്ഞാല്‍ ഇത്രയധികം ജീവനുകള്‍ നഷ്ടമാകാതിരിക്കാന്‍ നാം സജ്ജരാകേണ്ടതിന്റെ ആവശ്യകത ഈ കണക്ക് ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് മരണനിരക്കിലും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണുള്ളത്. രാജ്യത്തെ ഔദ്യോഗിക കണക്ക് പ്രകാരം അഞ്ചര ലക്ഷത്തിന് അടുത്താണ് കൊവിഡ് മരണം. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ 30 ലക്ഷമാണ് മരണനിരക്ക്.
എന്ന് മാത്രമല്ല, ഇന്ത്യ പോലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കണക്ക് ഇതൊന്നുമായിരിക്കില്ലെന്നും ഇതിനെക്കാളെല്ലാം കൂടുതലായിരിക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതിനിധികളെ അറിയിക്കാത്ത മരണങ്ങള്‍, ശവ സംസ്‌കാരങ്ങള്‍, ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങള്‍, തെരുവുകളിലെ കൂട്ട മരണങ്ങള്‍ എന്നിവയെല്ലാം ദരിദ്രരാജ്യങ്ങളില്‍ കൂടുതലായിരിക്കുമെന്നും ഇവയെല്ലാം എത്തരത്തിലാണ് കണക്കാക്കപ്പെടുകയെന്നും ഇവര്‍ ചോദിക്കുന്നു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗസമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് തന്നെ പലയിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ നൂറുകണക്കിന് മൃതദേഹങ്ങളും പുഴയിലും മറ്റും ഒഴുകിയെത്തുന്ന അവസ്ഥയും രാജ്യത്ത് കണ്ടിരുന്നു. ഈ സ്ഥിതിഗതികളെല്ലാം തന്നെ കൊവിഡ് മരണനിരക്ക് സത്യസന്ധമായി തിട്ടപ്പെടുത്തുന്നതിന് വിഘാതമാവുകയാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പുറത്തുവന്നതോടെ വിദഗ്ധര്‍ പലരും ഇത്തരത്തില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പേരും ഭാവിയില്‍ സമാനമായ മഹാമാരികള്‍ വന്നാല്‍ ആരോഗ്യമേഖലയെ പിടിച്ചുനിര്‍ത്തേണ്ടത് എങ്ങനെയെന്ന് ഓരോ രാജ്യങ്ങളും പരിശോധിക്കണമെന്ന ആവശ്യം തന്നെയാണ് ഉന്നയിച്ചത്. ‘നേരത്തേ MERS രോഗം വ്യാപകമായപ്പോള്‍ ദക്ഷിണ കൊറിയ ചില നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇത് കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് അവര്‍ക്ക് സഹായകമായി. ഇത് ഒരുദാഹരണമാണ്. ഇപ്പോള്‍ കൊവിഡ് നമ്മെ ബാധിച്ചിരിക്കുന്നു. നാളെ സമാനമായൊരു മഹാമാരി നമ്മെ കടന്നാക്രമിച്ചാല്‍ ഇത്രയധികം നഷ്ടങ്ങള്‍ നമ്മള്‍ നേരിടരുത്. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ നടത്തണം…’- മഹാമാരികളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന വിദഗ്ധന്‍ ആല്‍ബര്‍ട്ട് കോ പറയുന്നു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ഇനിയും തീര്‍ന്നില്ലെന്നും ലോംഗ് കൊവിഡ് അടക്കമുള്ള ഇതിന്റെ അനുബന്ധ പ്രശ്‌നങ്ങള്‍ ഇനിയും ദീര്‍ഘകാലത്തേക്ക് ലോകജനതയെ ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.