ദില്ലി: സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നത് സമൂഹത്തിന്റെയും അഭിഭാഷകവൃത്തിയുൾപ്പടെയുള്ള എല്ലാ മേഖലയുടെയും അഭിവൃദ്ധിക്ക് കാരണമാകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. വനിതാ നിയമവിദഗ്ധരുടെ എണ്ണം എങ്ങനെ വർധിപ്പിക്കാനാകുമെന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ വനിതാ ജഡ്ജിമാർ ഉണ്ടാകാത്തത്, സ്ത്രീകളിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ ഹൈക്കോടതി ജഡ്ജിമാർ ഉണ്ടാകുന്നില്ല എന്ന് എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ലളിതമല്ല,കുറച്ച് സങ്കീർണ്ണമാണ്. അതിൽ സത്യത്തിന്റെ കാതലുണ്ടെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” ചീഫ് ജസ്റ്റിസ് പറഞ്ഞു.
2000-നും 2023-നും ഇടയിൽ സ്ത്രീകൾക്ക് അഭിഭാഷകജോലിയിൽ പ്രവേശിക്കാനും അഭിവൃദ്ധിപ്പെടാനും ഒരു അവസ്ഥ ഇല്ലാതിരുന്നതിനാൽ 2023-ൽ സുപ്രീം കോടതി ജഡ്ജിമാരെ സ്ത്രീകളിൽ നിന്ന് സൃഷ്ടിക്കാൻ ഒരു മാന്ത്രിക വടിയും ഇല്ല. അതിനാൽ, നമ്മുടെ തൊഴിൽ കൂടുതൽ ഉൾക്കൊള്ളുന്ന തരത്തിലുള്ളതും വൈവിധ്യപൂർണ്ണവുമായ ഒരു ഭാവി സൃഷ്ടിക്കണമെങ്കിൽ അതിനു തക്കതായ ഒരു തൊഴിൽ ചട്ടക്കൂട് അഥവാ അടിത്തറ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ജില്ലാ ജുഡീഷ്യറിയിലെ സമീപകാല സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം അഭിഭാഷകർ സ്ത്രീകളാണെന്നാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പുരോഗതിയാണ് അതിന് കാരണം. ഇന്ത്യയിൽ വിദ്യാഭ്യാസം വിപുലമായപ്പോൾ, സ്ത്രീകളുടെ വിദ്യാഭ്യാസനിരക്കും വർദ്ധിച്ചു. ഒരു ശരാശരി ഇന്ത്യൻ കുടുംബത്തിന്റെ അഭിവൃദ്ധിയുടെ താക്കോൽ അവരുടെ പെൺമക്കളെ പഠിപ്പിക്കുക എന്നതിലാണ്. ഈ ഒരു ധാരണ ഇന്ത്യയിലെ മധ്യവർഗത്തിന്റെ ഇടയിൽ വേരോടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
2027ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേൽക്കാനിരിക്കുന്ന ജസ്റ്റിസ് ബി വി നാഗരത്ന ആണ് ആ സ്ഥാനത്തേക്കെത്തുന്ന ആദ്യ വനിത.