തൃശ്ശൂര്‍ : അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍ ഇറങ്ങിയോടി. പിന്നാലെ നടുറോഡില്‍ കിടന്ന കാര്‍ കാട്ടാന തള്ളി നീക്കുകയായിരുന്നു. മലക്കപ്പാറ നിന്നു ചാലക്കുടി ഭാഗത്തേക്ക് പോകുന്ന കാര്‍ യാത്രികരാണ് ആനയുടെ മുന്‍പില്‍ അകപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ആനയ്ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത വിധം ആളുകള്‍ തടിച്ചുകൂടിയതും പ്രകോപനമായി. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മറ്റു വാഹനങ്ങളിലെ വിനോദ സഞ്ചാരികള്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് ആന കാറിന് നേരെ തിരിഞ്ഞത്.