ലക്നൗ ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ നാലരമാസം ഗര്‍ഭിണിയായ യുവതി രാജ്ഭവനു സമീപത്തെ വഴിയരികിൽ പ്രസവിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചു. സംഭവം നടന്നതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പതാക് സ്ഥിരീകരിച്ചു.‘‘രാജ്ഭവന്റെ പതിമൂന്നാം ഗേറ്റിനു സമീപത്തായിരുന്നു സംഭവം. യുവതിയും കുടുംബവും ആശുപത്രിയിലേക്ക് ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. സമീപത്തുകൂടി കടന്നുപോവുകയായിരുന്ന ചിലർ ഇതുകണ്ട് ആംബുലൻസ് വിളിച്ചു. 25 മിനിറ്റിനുള്ളിൽ ആംബുലൻസ് വന്നിരുന്നു.’’– മന്ത്രി വാർത്താഏജൻസിയോട് പറഞ്ഞു. ‘‘സംഭവദിവസം രാവിലെ വേദനയെ തുടർന്നു യുവതി ലക്നൗവിലെ ശ്യാമപ്രസാദ് മുഖർജി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുത്തിവയ്പ് എടുത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്നു സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു പോകവേയാണു രാജ്ഭവന്റെ വഴിയോരത്തു പ്രസവിച്ചത്’’– ഡോക്ടർ വിശദീകരിച്ചു.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാജ്‍വാദി പാർട്ടി നേതാവ് ശിവ്പാൽ യാദവ് ഉത്തർപ്രദേശിലെ ആരോഗ്യമേഖലയെ കുറ്റപ്പെടുത്തി പ്രതികരിക്കുകയും ചെയ്തു. ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്നാണു ദാരുണമായ സംഭവം നടന്നതെന്നു ശിവ്പാൽ യാദവ് ആരോപിച്ചു.