പുൽപള്ളി: വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു. പുൽപള്ളി ചെതലയം റേഞ്ചിലെ മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്ത -ബൈരി ദമ്പതികളുടെ മകൾ ബസവി (ശാന്ത -49) ആണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്കുശേഷം രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തെ നെയ്ക്കുപ്പ വനത്തിൽ വിറക് ശേഖരിക്കാൻ പോയ സംഘം ഒറ്റയാന്റെ മുമ്പിൽ അകപ്പെടുകയായിരുന്നു. ആനയുടെ മുമ്പിൽനിന്ന് ഓടാൻ ശ്രമിക്കുന്നതിനിടെ ശാന്ത നിലത്ത് വീണു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശാന്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹത്തിന് സമീപം ഏറെനേരം നിലയുറപ്പിച്ച ഒറ്റയാനെ കോളനിവാസികൾ ബഹളമുണ്ടാക്കിയാണ് കാട് കയറ്റിയത്.
വനംവകുപ്പ് പുൽപ്പള്ളി റേഞ്ചർ അബ്ദുൾ സമദ്, ഡെ. റേഞ്ചർ ഇക്ബാൽ, സെക്ഷൻ ഫോറസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബൈരൻ, ചന്ദ്രൻ , കൂമൻ, ഷീബ, മാളു, അമ്മിണി എന്നിവർ സഹോദരരാണ്.