ദില്ലി: രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ ദൃശ്യങ്ങള്‍ പ്രചരിച്ചത് മണിപ്പൂരില്‍ വീണ്ടും സംഘർഷ സാധ്യത വർധിപ്പിച്ചു. ആക്രമണത്തിന് ഇരയായവർ പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതും ഇപ്പോള്‍ ചർച്ചയാകുന്നണ്ട്. മെയ് മൂന്നിന് ആണ് മണിപ്പൂരില്‍ മെയ്ത്തി – കുക്കി കലാപം തുടങ്ങിയത്.
അതിന് തൊട്ടടുത്ത ദിവസം അതായത് മെയ് നാലിന് നടന്ന ക്രൂരകൃത്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച് വലിയ ചർച്ചയായി മാറിയത്. കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് അക്രമികൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇന്‍റർനെറ്റിന് വിലക്കുള്ള മണിപ്പൂരില്‍ നിന്ന് അന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ രണ്ട് മാസത്തിനിപ്പുറം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വൻ വിവാദമാകുകയും ചെയ്തു.
തൗബാല്‍ ജില്ലയിലെ നോങ്പോക് സെക്മെയ് എന്ന് സ്ഥലത്താണ് ഈ സംഭവം നടന്നത്. ഇരുപതും നാല്‍പ്പതും വയസ്സുള്ള രണ്ട് സ്ത്രീകളെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇതില്‍ ഒരാളെ ആള്‍ക്കൂട്ടം കൂട്ട ബലാത്സംഗം ചെയ്തുവെന്നും അവർ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ചില അറസ്റ്റുകള്‍ പൊലീസ് നടത്തിയിട്ടുണ്ട്. ഹുയ്റെം ഹീറോദാസ് എന്ന 32 വയസ്സുകാരൻ ഉള്‍പ്പെടെയുള്ളവരെയാണ് എഫ്ഐആർ ഇട്ട് രണ്ട് മാസത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.
കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തിയെന്നും വിവരമുണ്ട്. മെയ്ത്തി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന തരത്തില്‍ പ്രചരിച്ച വ്യാജവീഡിയോ ആണ് ഈ ക്രൂരതക്ക് കാരണമായ അക്രമത്തിന് തുടക്കമിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊലീസ് കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ , കൊലപാതകം എന്നീ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രം അറസ്റ്റ് ചെയ്യുമ്പോൾ വീഡിയോയിലെ ബാക്കി ഉള്ളവരെ എന്തുകൊണ്ട് പിടികൂടുന്നില്ലെന്ന ചോദ്യവും ഉയരുന്നു.