കണ്ണൂർ : ഇ.പി.ജയരാജൻ തള്ളിയിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരാതിയില്ലാത്തതിനാൽ അദ്ദേഹത്തിനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചപ്പോൾ തള്ളിയിട്ട എൽഡിഎഫ് കണ്‍വീനർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിഷേധക്കാരിലൊരാളായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് വ്യക്തമാക്കി. ഇ.പി. ജയരാജനെതിരായ തെളിവുകൾ കോടതിയിൽ നൽകുമെന്നും ഫർസീൻ മജീദ് പറഞ്ഞു.
കേസെടുക്കാത്തത് പരാതിയില്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്നും ഫർസീൻ മജീദ് വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുമ്പോൾ തള്ളിയിടാൻ ഇ.പി.ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാനാണോയെന്നും ഫർസീൻ മജീദ് ചോദിച്ചു.
വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ജയരാജനതിരെ കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. ഇ.പി.ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തതെന്നായിരുന്നു വിശദീകരണം. ജയരാജൻ മർദ്ദിച്ചെന്ന പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചപ്പോൾ ഇ.പി.ജയരാജൻ തടയാൻ ശ്രമിച്ചു. ഈ സംഭവത്തെ മർദനമായി കാണിച്ച് രണ്ടുപേർ ജയരാജനെതിരെ ഇ മെയിലിൽ പരാതി നൽകി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിലോ പൊലീസിലോ ഇ.പി.ജയരാജൻ മർദിച്ചതായി ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനാണ് ഇ.പി.ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോധ്യമായതിനാൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം സഞ്ചരിച്ച വിമാനത്തിനുള്ളിലും ഫർസീൻ മജീദ് ഉൾപ്പെടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ ഫർസീൻ മജീദിനു പുറമ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാറുമാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടതും വിവാദമായിരുന്നു.