തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഫര്‍ദീന്‍ മജീദ്. മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരും മര്‍ദിച്ചു. വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം നടത്തിയെന്ന ഇ.പി.ജയരാജന്റെ ആരോപണം ഫർദീൻ മജീദും കൂടെയുണ്ടായിരുന്ന നവീൻ കുമാറും തള്ളി.
ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഫര്‍ദീന്‍ മജീദ് പറഞ്ഞു. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ജാമ്യമില്ലാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ നേരിട്ടതിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍. പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്ന് ജയരാജന്‍ പറഞ്ഞു. നടന്നത് ഭീകരപ്രവര്‍ത്തനമാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിൽ. പ്രതിഷേധക്കാരെ താന്‍ തടഞ്ഞു, പ്രതിഷേധിച്ചവരെ ചുംബിക്കണോയെന്നും ഇപി ചോദിച്ചു. പ്രതിഷേധിച്ചവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി പറയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.