ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അദാനി വിവാദവുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി ട്രോളായിക്കൊണ്ടിരിക്കുകയാണെന്ന് സിന്ധ്യ പരിഹസിച്ചു.
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയതും പാർട്ടി വിട്ടതുമായ നേതാക്കളായ ഗുലാം നബി ആസാദ്, അനിൽ ആന്റണി, ഹിമന്ത ബിശ്വ ശർമ, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഢി എന്നിവരെ ലക്ഷ്യം വെച്ചുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിലാണ് സിന്ധ്യ രൂക്ഷമായി മറുപടി നൽകിയത്.
ട്രോളാകാൻ മാത്രം പരിമിതപ്പെട്ടുപോയി നിങ്ങളെന്നത് വ്യക്തമാണ്. പ്രധാനകാര്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ വേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഒരു കാലത്ത് രാഹുലിന്റെ വിശ്വസ്തനായിരുന്ന സിന്ധ്യ ആരോപിച്ചു.
ബി.ജെ.പി സത്യം ഒളിപ്പിക്കുകയാണെന്നും അതിനാലാണ് അവർ എന്നും വഴി തെറ്റിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു. ചോദ്യം അതുപോലെ തന്നെ തുടരുന്നു- അദാനിയുടെ കമ്പനികളിലെ 20,000 കോടിയുടെ ബിനാമി പണം ആരുടെത്? -രാഹുലിന്റെ ഈ ചോദ്യത്തിനാണ് സിന്ധ്യ വിമർശനമുന്നയിച്ചത്.
പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്ന പ്രസ്താവനയിൽ രാഹുൽ എന്തുകൊണ്ട് മാപ്പ് പറയുന്നില്ല. അതിനു പകരം, ഞാൻ സവർക്കറല്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും പറയുന്നു.
കോൺഗ്രസ് എപ്പോഴും കോടതികൾക്ക് നേരെ വിരൽ ചൂണ്ടുന്നു. നിങ്ങളുടെ സ്വാർഥ താത്പര്യങ്ങൾക്ക് വേണ്ടി എന്തിനാണ് കോടതികളെ സമ്മർദത്തിലാക്കുന്നത്?
എന്തുകൊണ്ടാണ് നിങ്ങൾക്ക് നിയമങ്ങൾ വ്യത്യസ്തമാകുന്നത്? നിങ്ങൾ സ്വയം ഫസ്റ്റ് ക്ലാസ് പൗരനായി കാണുന്നുണ്ടോ? ഈചോദ്യങ്ങളുടെ പ്രധാന്യം പോലും മനസിലാക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് നിങ്ങളുടെ അഹങ്കാരമെന്നും സിന്ധ്യ പറഞ്ഞു