ചെന്നൈ: ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകൻ അച്ഛൻെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.തൊഴിൽ രഹിതനായ മകനെ കളിയാക്കിയതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലസുബ്രമണി സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പൊലീസ് പറയുന്നു. മദ്യപിച്ചെത്തി മകനെ സുബ്രമണി കളിയാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. ജോലി ഇല്ലാത്തവനെന്ന് പിതാവ് ആവർത്തിച്ച് പരിസഹിച്ചതോടെയാണ് യുവാവ് പ്രകോപിതനായത്.
ഇതോടെ വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും കൈയ്യിൽ കിട്ടിയ ഇഷ്ടികയും ഉപയോഗിച്ച് ജബരീഷ് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. ബഹളം കേട്ടെത്തിയ അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേറ്റ് പിതാവ് ബോധം കെട്ട് വീണതോടെ ജബരീഷ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഗുരുതര പരിക്കേറ്റ ബാലസുബ്രമണിയെ വീട്ടുകാരും അയവാൽസികളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ജബരീഷ് വെള്ളിയാഴ്ചയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. എന്നാൽ ജോലി ഒന്നും ലഭിച്ചിരുന്നില്ല. ജോലി ലഭിക്കാത്തതിൽ യുവാവ് നിരാശനായിരുന്നുവെന്നും ഇതിനിടയ്ക്കുള്ള പിതാവിന്‍റെ നിരന്തര പരിഹാസം ഇയാളെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം കേരളത്തിൽ ആശുപത്രിയിൽവെച്ച് യുവാവ് യുവതിയെ കുത്തിക്കൊന്നു. എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതി കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നു