ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിന്റെ സഹോദരന് നേരെ വെടിവെപ്പ്. പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ സംഘമാണ് മൗവിലെ ഭിത്തി മേഖലയിലെ ബിജെപി പ്രാദേശിക നേതാവിന്റെ സഹോദരന് നേരെ വെടിയുതിർത്തത്. ബിജെപി പിന്നോക്ക വിഭാഗ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് ഭോല ചൗരസ്യയുടെ സഹോദരന് അഭിമന്യു ചൗരസ്യ (22)ക്കാണ് വെടിയേറ്റത്.
വെള്ളിയാഴ്ച രാവിലെ വീടിന് പുറത്തേക്ക് പ്രഭാത നടത്തത്തിനായി ഇറങ്ങിയ അഭിമന്യുവിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഭവം. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഉടനെ തന്നെ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച അഭിമന്യു അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
അഭിമന്യുവിന് നേരെ അക്രമികള്‍ മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്. വെടിയേറ്റ് അഭിമന്യുവിന്റെ വലത് കൈയ്യിലും കൈകാലുകളിലും ഇടുപ്പിലും പരിക്കേറ്റിട്ടുണ്ട്. അഞ്ച് ബൈക്കുകളിലാണ് അക്രമികളെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഷയം അന്വേഷണത്തിലാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികളില്‍ ചിലരെ അഭിമന്യു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.