തൃക്കാക്കര> പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങൾക്ക് നഗരസഭ വാടകക്കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മമാർ നഗരസഭാ അധ്യക്ഷയുടെ മുറിക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ പത്തോടെ ആരംഭിച്ച പ്രതിഷേധം ഉച്ചവരെ നീണ്ടു. വീട്ടമ്മമാരുടെ പ്രതിഷേധം ഭയന്ന് നഗരസഭാ അധ്യക്ഷ ഓഫീസിലേക്ക് എത്തിയില്ല.
വാർഡ് കൗൺസിലർ എം ജെ ഡിക്‌സൺ, പ്രതിപക്ഷനേതാവ് എം കെ ചന്ദ്രബാബു, കൗൺസിലർമാരായ അജുന ഹാഷിം, റസിയ നിഷാദ്, ജിജോ ചിങ്ങംതറ എന്നിവർ ചർച്ച നടത്തിയതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞിരുന്ന അത്താണിയിലെ 13 കുടുംബങ്ങളെ നഗരസഭയുടെ നേതൃത്വത്തിൽ വാടകവീടുകളിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, വാടക മുടങ്ങിയതോടെ അഞ്ചു കുടുംബങ്ങൾ അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങി. ശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്ക് വാടക കിട്ടുന്നില്ല.
മൂന്ന് മാസമായി നഗരസഭ വാടക നൽകുന്നില്ലെന്നുകാണിച്ച് കുടുംബങ്ങൾ കലക്ടർക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. മുടങ്ങിയ മൂന്നുമാസത്തെ വാടകയും അടുത്ത മൂന്നുമാസത്തെ വാടകയും നഗരസഭയിൽനിന്ന് നൽകണമെന്ന് കലക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ലഭിക്കാതായതോടെയാണ് സമരവുമായി വീട്ടമ്മമാർ നഗരസഭയിലെത്തിയത്. വാടക ലഭിക്കുന്നതുവരെ നഗരസഭയ്‌ക്കുമുന്നിൽ കുടിൽ കെട്ടി സമരം ചെയ്യാനാണ് തീരുമാനം.