പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച ആരോഗ്യം നേടിയെടുക്കാന്‍ സഹായിക്കും. കൂടാതെ പലരും പച്ചക്കറികള്‍ പച്ചയോടെ കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് നല്ലതാണെന്ന് അഭിപ്രായം പലരും പങ്കുവയ്ക്കുന്നതും കാണാം. എന്നാല്‍ എല്ലാ പച്ചക്കറികളും ഇങ്ങനെ പച്ചയ്ക്ക് കഴിക്കാമോ?എല്ലാ പച്ചക്കറികളും ഇങ്ങനെ വേവിക്കാതെ കഴിക്കരുത്. അങ്ങനെ കഴിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതേ കുറിച്ച് ആയുര്‍വേദ, ഹെല്‍ത്ത് കോച്ചായ ഡോ ഡിംപിള്‍ ജംഗ്ദ, പറയുന്നത് ഇങ്ങനെയാണ്. നാലോളം പച്ചക്കറികളും പഴങ്ങളും പാചകം ചെയ്യാതെ കഴിക്കാന്‍ പാടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഏതൊക്കെയാണ് ആ പച്ചക്കറികളെന്ന് നോക്കാം.
ചേമ്പില
ചേമ്പില പലരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ചേമ്പില ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കഴുകണം. ചേമ്പില വേവിക്കാതെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. കൃത്യമായി വേവിച്ചില്ലെങ്കില്‍ ഇതില്‍ ഉണ്ടാകുന്ന ചില പഥാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കും. ചേമ്പില പച്ചയ്ക്ക് കഴിക്കുന്നത് പൊള്ളല്‍, വീക്കം, ചൊറിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
കെയ്‌ലും ചീരയും
ഇവയില്‍ ഉയര്‍ന്ന ഓക്‌സലേറ്റ് സാന്നിദ്ധ്യം ഉള്ളതിനാല്‍ അവ ചൂടുവെള്ളത്തില്‍ കഴുകിയിട്ട് വേണം ഉപയോഗിക്കാന്‍. ഇവ ഒരിക്കലും വേവിക്കാതെ കഴിക്കരുത്. ഒരുപാട് തരത്തിലുള്ള സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം ഇവയില്‍ ഉണ്ടാകും. സാല്‍മോണല്ല പോലുള്ള ബാക്ടീരിയകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.
കാപ്‌സിക്കം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറികളില്‍ ഒന്നാണ് കാപ്‌സിക്കം.കൃത്യമായി ചൂടുവെള്ളത്തില്‍ കഴുകി വേവിച്ച് വേണം ഇത് ഉപയോഗിക്കാന്‍. മറ്റ് അസംസ്‌കൃത പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സമാനമായി, പച്ച കാപ്സിക്കത്തിന്റെ ഉപരിതലത്തില്‍ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യത്തിന് ഒരു ചെറിയ സാധ്യതയുണ്ട്, ഇ.കോളി അല്ലെങ്കില്‍ സാല്‍മൊണല്ല പോലുള്ള ബാക്ടീരിയകള്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്. കഴിക്കുന്നതിനുമുമ്പ് ക്യാപ്സിക്കം നന്നായി കഴുകുന്നത് ഈ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും.
വഴുതനങ്ങ
വേവിക്കാത്ത വഴുതനങ്ങനയില്‍ തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളില്‍ കാണപ്പെടുന്ന വിഷ പദാര്‍ത്ഥമായ സോളനൈന്‍ ഉള്‍പ്പെടുന്നു. ഇവ ഓക്കാനം, ഛര്‍ദ്ദി, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. വേവിച്ച് കഴിക്കുമ്പോള്‍ മാത്രമാണ് വഴുതനങ്ങ സുരക്ഷിതം. നന്നായി ചൂടാക്കി വേവിച്ചതിന് ശേഷം മാത്രം വഴുതനങ്ങ കഴിക്കുക.