തൃശൂര്‍: കുന്നംകുളം നഗരത്തില്‍ 108 ആംബുലന്‍സ് ഡ്രൈവറെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സംഘര്‍ഷത്തില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റു. കുന്നംകുളം ആക്ട്‌സ് ആംബുലന്‍സ് ഡ്രൈവര്‍ ജോണിയും സംഘവും ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിദിനെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഘര്‍ഷമുണ്ടായത്. കുന്നംകുളത്ത് സ്വകാര്യ ആംബുലന്‍സുകളുടെ തള്ളിക്കയറ്റം പലപ്പോഴും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. അപകടത്തില്‍പ്പെടുന്നവരെ സ്വകാര്യ ആശുപത്രികളിലെത്തിക്കാന്‍ പലരും മത്സരത്തിലാണ്. സ്വകാര്യ ആശുപത്രിക്കാര്‍ നല്‍കുന്ന കമ്മീഷന്‍ പണമാണ് പല ഡ്രൈവര്‍മാരുടെയും ഉപജീവന മാര്‍ഗം. പലരും ആംബുലന്‍സ് ഡ്രൈവര്‍മാരായി രംഗത്ത് വരുന്നത് കേവലം ഡ്രൈവിംഗ് ലൈസന്‍സിന്റെ ബലത്തില്‍ മാത്രമാണ്.
ആംബുലന്‍സ് ഡ്രൈവറാകാന്‍ വേണ്ട മറ്റ് യോഗ്യതകള്‍ പലര്‍ക്കും ഇല്ല. സ്വകാര്യ ആംബുലന്‍സ് ഉടമയും ഡ്രൈവര്‍മാരും ചേര്‍ന്ന് 108 ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചതായാണ് പരാതി. മദ്യലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് കുന്നംകുളം എ സി പി ഓഫീസിനു മുന്നില്‍വച്ച് ആക്രമിച്ചതെന്ന് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 108 ആംബുലന്‍സ് ഡ്രൈവര്‍ ഷിദിന്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ലെന്നും ഷിദിന്‍ ആരോപിച്ചു.
തുടര്‍ന്നാണ് ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഷിദിന്‍ ആക്രമിച്ചതായി പരാതിപ്പെട്ട് ആക്ട്‌സ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ജോണിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 108 ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരള സ്റ്റേറ്റ് ആംബുലന്‍സ് യൂണിയന്‍ (കെ എസ് എ ഇ യു സി ഐ ടി യു) ജില്ലാ സെക്രട്ടറി ധനേഷ് പറഞ്ഞു. സംഭവത്തില്‍ ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.