ന്യൂഡൽഹി∙ ബിഹാറിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുവെന്നും കുട്ടികളെ കൃത്യസമയത്ത് നന്നായി പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാത്രമാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.‘‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ അവർക്ക് നല്ല വിദ്യാഭ്യാസം ലഭിക്കും. അവധികൾ കുറയ്ക്കുന്നതിൽ എന്താണ് തെറ്റ്?. ആർക്കെങ്കിലുമോ ഏതെങ്കിലും ഉദ്യോഗസ്ഥനോ അക്കാര്യത്തിൽ പ്രശ്‌നമുണ്ടെങ്കിൽ എന്നോട് പറയൂ, ഞാൻ കേൾക്കാൻ തയാറാണ്. കുട്ടികൾക്ക് കൃത്യസമയത്ത് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’’– അദ്ദേഹം പറഞ്ഞു.
ബിഹാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പുതിയ അവധി കലണ്ടറിൽ സർക്കാർ നടത്തുന്ന സ്കൂളുകളിലെ ഉത്സവ അവധികൾ കുറച്ചിരുന്നു. പ്രവൃത്തിദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ദുർഗാപൂജ, ദീപാവലി, ഛാത്ത് പൂജ എന്നിവയ്ക്കുള്ള അവധിയുടെ എണ്ണം കുറച്ചു. കലണ്ടറിൽ മാറ്റം വരുത്തിയതോടെ സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള അവധികൾ 23ൽ നിന്ന് 11 ആയി കുറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സർക്കാർ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് അവധികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അവധി റദ്ദാക്കിയെങ്കിലും ഉത്സവ ദിവസങ്ങളിൽ കുട്ടികളുടെ എണ്ണം കുറവായിരിക്കുമെന്ന് വാദിച്ച് ചില അധ്യാപകർ എത്തിയതോടെ തീരുമാനം വിവാദമായി. ഹിന്ദു ഉത്സവ അവധികൾ വെട്ടിക്കുറച്ചുവെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.