തൃശൂർ : തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ ചാലക്കുടി അതിരപ്പിള്ളി റോഡ് ഉപരോധിക്കുന്നു. മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് അതിരപ്പപിള്ളയിലെ നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്. ഇന്നലെ വൈകീട്ടാണ് തൃശൂർ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ് കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി.
വീടിന് സമീപത്ത് നിന്ന് അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായായിരുന്നു. ആശുപത്രിയിൽ എത്തുമ്പൊഴക്കും ആഗ്നിമിയ മരിച്ചു.