കൊല്ലം : കോവിഡനന്തര രോഗങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സ ലഭ്യമാക്കുന്നതിനും ഗവേഷണ സർവേ നടത്തുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ശലഭങ്ങൾ 2.0 എന്ന പേരിലാണ് സർവേ നടത്തുക. രണ്ടാംതരംഗത്തിൽ രോഗബാധിതരായവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. ഗൂഗിൾ ഫോം വഴിയാണ് വിവരശേഖരണം. സിമ്പിൾ റാൻഡം സാംപ്ലിങ് വഴി 3,000 രോഗികളുടെ ഡേറ്റാ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കും. എല്ലാ തദ്ദേശസ്ഥാപന പരിധിക്കുള്ളിലും നടത്തുന്ന സാമ്പിൾ സർവേ കൂടാതെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, അഴീക്കൽ പി.എച്ച്.സി., നെടുമ്പന സി.എച്ച്.സി. എന്നിവിടങ്ങളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കിലെ രോഗികളുടെ വിവരങ്ങളും പഠനത്തിനായി വിനിയോഗിക്കും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ അറിയിച്ചു. ജില്ലാ സർവെലൻസ് ഓഫീസർ ഡോ. ആർ.സന്ധ്യ, ഡി.ഡി.ഇ.എം.ഒ. നോഡൽ ഓഫീസർ കോട്ടാത്തല ശ്രീകുമാർ, എൻ.എസ്.എസ്. ജില്ലാ കൺവീനർ കെ.ജി.പ്രകാശ് എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകും.