മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍ ചിത്രത്തിന്റെ ഒടിടി പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മരക്കാര്‍ റിലീസ് ചെയ്യുക. 17 മുതലാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ മരക്കാര്‍ സ്‍ട്രീം ചെയ്യും. മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന് വിദേശങ്ങളിലടക്കം തിയറ്ററുകളില്‍ മികച്ച തുടക്കം ലഭിച്ചിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച മരക്കാര്‍: അറബിക്കടലിന്റെ സിംഹം ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി മരക്കാര്‍ 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സ്വന്തമാക്കിയിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.